About Me

My photo
ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്, എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം. നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല. ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ. അടുത്തത് എന്ത് എന്ന് അറിയാനാവാതെ. ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്. ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ. ചില സൌഹൃദങ്ങള്‍ ദൂരമോ, നിറമോ, ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു. അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു................ നമ്മുടെ സൌഹൃദം എന്നെന്നും നിലനില്‍ക്കട്ടെ........ ჱܓ സ്നേഹപൂര്‍വ്വം.. ജാഫര്‍ ചേളാരി...

Thursday, July 22, 2010

പ്രേമ വിചാരം

ഒരു കാവ്യമെഴുതി ഞാൻ കാത്തു വെച്ചു
മധുരമായ്‌ നിൻ കാതിൽ ചൊല്ലുവാനായ്‌
ഒരു കൊച്ചു പൂവു ഞാൻ കാത്തു വെച്ചു
നിന്റെ കരിമുകിൽ വേണിയിൽ ചൂടുവാനായ്‌

അഴകെഴും റാണിയായി വന്നുനീയെന്നുടെ
അരികിലായി നിൽക്കുവാൻ ആഗ്രഹിച്ചു
നിന്റെ വിരലിന്റെ തുമ്പൊന്നു തൊട്ടു നോക്കാൻ,
അനുപമേ, ഞാനെത്ര ആഗ്രഹിച്ചു!

മഴമുകിൽ മാനത്ത്‌ വെള്ളരി പ്രാവുകൾ
മനസ്സിന്റെയുള്ളിലോ മധുരിക്കുമോർമ്മകൾ
മഴ വന്നു മണ്ണിനെ തൊട്ടുണർത്തുമ്പോൾ
നിറയുന്നുവാത്മാവിലനുരാഗ ചിന്തകൾ

അഴകുള്ള മഴവില്ല് മാനത്ത്‌ വിരിയുന്നു
നിറമുള്ള സ്വപ്നമെൻ മനസ്സിനുള്ളിൽ
പരൽമീൻ കണ്ണിലെ വിടരുന്ന പ്രേമമെൻ
മനസ്സിനെ ആലോലമാക്കുന്നുവെപ്പൊഴും

ദ്രുത താളമാകുമെൻ ഹൃദയത്തിൻസ്വപ്ന്ദനം
സുരലോക സുന്ദരീ, നീ വരുമ്പോൾ
ഒരു പ്രേമഗീതം മൊഴിഞ്ഞുവൊ നിന്നുടെ
അഴകെഴും പാദങ്ങളണിയും കൊലുസുകൾ?

പൊഴിയുന്നു ആയിരം ആലിപ്പഴങ്ങളായി
അനുരാഗ ചിന്തകൾ എന്റെയുള്ളിൽ
ഒരു മയിൽ പീലിപോൽ നിറമെഴും പ്രേമമെൻ
അകതാരിലേപ്പൊഴും ചേർത്തു വെച്ചു.

നിലയ്ക്കാതൊഴുകുമെൻ അകതാരിനുള്ളിൽ
അനുരാഗ ചിന്ത തൻ നദിയെപ്പൊഴും!
മധുവായി നിറയുന്നു ആത്മാവിനുള്ളിൽ
പ്രിയ സഖീ നീ തന്ന അനുരാഗമെപ്പൊഴും

ഗന്ധർവ്വ ഗായകൻ പാടിയ പാട്ടിന്റെ
താളത്തിലൊരു കൊച്ചു പാട്ടു മൂളാം
നിന്റെ തളിരിളം കവിളത്ത്‌ ഞാനെന്റെ ചുണ്ടു-
കൊണ്ടൊരു കൊച്ചു ചുംബനം ചേർത്തു വെയ്ക്കാം

ഒരു കൊച്ചു കാറ്റു പോലറിയാതെ വന്നു നിൻ
കവിളത്ത്‌ ഞാനൊന്നു ഉമ്മ വെയ്ക്കും
പിന്നെ അനുരാഗ തിരതല്ലുമാ നീല നയനം
ഇമയടയ്ക്കാതെ ഞാൻ നോക്കി നിൽക്കും..

വാടാതെ സൂക്ഷിച്ചു എന്നുള്ളിലേപ്പൊഴും,
നീ തന്ന പുഞ്ചിരി പുഷ്പ്പങ്ങളൊക്കെയും!
നീ കാതിലോതിയ പ്രേമകാവ്യങ്ങളും,
സൂക്ഷിച്ചു ഞാനെന്റെ ഹൃത്തിനുള്ളിൽ..

ജന്മാന്തരങ്ങളായി പ്രേമിച്ചു ജീവിച്ച,
സുന്ദര, ആത്മാക്കളാണുന്നാമിരുവരും!

ജൂലായ്‌ പതിനാറ്‌ രണ്ടായിരത്തി പത്ത്

No comments:

Post a Comment