About Me

My photo
ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്, എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം. നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല. ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ. അടുത്തത് എന്ത് എന്ന് അറിയാനാവാതെ. ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്. ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ. ചില സൌഹൃദങ്ങള്‍ ദൂരമോ, നിറമോ, ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു. അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു................ നമ്മുടെ സൌഹൃദം എന്നെന്നും നിലനില്‍ക്കട്ടെ........ ჱܓ സ്നേഹപൂര്‍വ്വം.. ജാഫര്‍ ചേളാരി...

Thursday, July 22, 2010

ഐടി ബുദ്ധിജീവികള്‍ക്ക് ഒരു തുറന്ന കത്ത്

ഒരു സാധാരണബുദ്ധി ജീവിയും ഐടി ബുദ്ധിജീവിയും തമ്മിലുള്ള വ്യത്യാസമെന്താണ് ? സാഹിത്യം, സാംസ്കാരികം,തത്വശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ചുറ്റിത്തിരിയുന്ന സാധാരണ ബുദ്ധിജീവി ആ മേഖലകളില്‍ വിതയ്‍ക്കുകയും കൊയ്യുകയും ചെയ്യുമ്പോള്‍ ഒരു ഐടി ബുദ്ധിജീവി ലോകത്തെ സമസ്തമേഖലകളിലും താന്‍ അഗ്രഗണ്യനാണെന്നും മറ്റ് മേഖലകളിലുള്ളവര്‍ അവരവരുടെ തൊഴിലില്‍ പോലും അജ്ഞരാണെന്നും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.

കംപ്യൂട്ടര്‍ അസംബിള്‍ ചെയ്യുന്നവന്‍ താനാണ് കംപ്യൂട്ടര്‍ കണ്ടുപിടിച്ചതെന്നു കരുതുന്നതുപോലെ അബദ്ധവും പുറത്തുപറയാന്‍ കൊള്ളാത്ത ബുദ്ധിശൂന്യതയുമാണ് മലയാളം കംപ്യൂട്ടിങ്ങില്‍ മുഴുകിയിരിക്കുന്നവര്‍ തങ്ങള്‍ മലയാളഭാഷയുടെ പിതാവാണെന്നു വിശ്വസിച്ചുപോകുന്നത്. എന്താണ് ശരിക്കുള്ള പ്രശ്നം ?

പലര്‍ക്കും സഹിക്കുന്നില്ല. ഇന്ത്യയില്‍ നിന്ന് ഒരു എപിക് ബ്രൗസര്‍, രൂപയ്‍ക്ക് ചിഹ്നം, അത് കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യാന്‍ പാകത്തില്‍ ഒരു ഫോണ്ട്. തരംതാഴ്‍ന്ന പബ്ലിസിറ്റി സ്റ്റണ്ട് കണ്ടു സഹിക്കാത്ത ഐടി പടുക്കള്‍ ഉറഞ്ഞു തുളളുകയാണ്. ഏത് ഐടി പടുക്കള്‍ ? ഗൂഗിള്‍, മൈക്രോസോഫ്റ്റ് ? ഉണ്ട ! എല്ലാം തങ്ങളില്‍ നിന്നാരംഭിച്ച് തങ്ങളില്‍ അവസാനിക്കുന്നു എന്നു വിശ്വസിച്ച് എം.കൃഷ്ണന്‍നായര്‍-ടി.പിശാസ്തമംഗലം ശ്രേണിയില്‍ വരുന്ന ഘോരമല്ലുകളായ ഐടി പടുക്കള്‍.

എപിക് ബ്രൗസറുണ്ടാക്കിയതോ രൂപയ്‍ക്ക് ഫോണ്ടുണ്ടാക്കിയതോ അല്ല ഇവരെ അലട്ടുന്നത്. ഇതൊക്കെ വലിയ വാര്‍ത്തയായി മാധ്യമങ്ങള്‍ ആഘോഷിക്കുന്നതാണ്. അല്ല, എന്താണ് ഇവരുടെ പ്രശ്നം ? നാട്ടിലെ സകല വിഷയങ്ങളിലും വളരെ ആധികാരികമായി വിമര്‍ശനങ്ങളുന്നയിക്കുന്ന, പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്ന ഇവര്‍ വിരാജിക്കുന്ന ഐടി ഫീല്‍ഡിലാണ് സമത്വവും സാഹോദര്യവും പുലരുന്നത് എന്നാണ് സാധാരണ ജനം (എന്നെപ്പോലെ വലിയ വിവരമൊന്നുമില്ലാത്ത ഇടത്തരം മനുഷ്യര്‍) കരുതിയിരിക്കുന്നത്. ഇതിപ്പോള്‍ സുകുമാര്‍ അഴീക്കോടിനെക്കാള്‍ കഷ്ടമായിരിക്കുകയാണ് കാര്യങ്ങള്‍.

ഐടി ഫീല്‍ഡിലെ കാര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ അടച്ചാക്ഷേപിക്കുകയാണ് ഒരു വിദ്വാന്‍. കാലഹരണപ്പെട്ടു എന്ന് ഇത്തരക്കാര്‍ ആക്ഷേപിക്കുന്ന സിസിഎമ്മുകാര്‍ക്ക് ഇതിനെക്കാള്‍ സഹിഷ്ണുതയും വിവേകവുമുണ്ട്. എപിക് ബ്രൗസര്‍ ഇന്ത്യയുടെ ബ്രൗസര്‍ എന്നു പറയുന്നത് തട്ടിപ്പാണ്, അത് ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ പോലെ, സഫാരിയും മോസിലയും പോലെ വേറൊരു ബ്രൗസറല്ല മറിച്ച് മോസിലയുടെ ഒരു കസ്റ്റമൈസ്ഡ് വേര്‍ഷന്‍ മാത്രമാണ് എന്നതാണ് പ്രധാന പരിവേദനം. ബ്രൗസര്‍ അവതരിപ്പിച്ചവര്‍ തങ്ങളുടേത് ഒരു തനത് ബ്രൗസറാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. മോസില ഫയര്‍ഫോക്സിന്‍റെ മേല്‍ ഒരു പണി പണിതുണ്ടാക്കിയതാണ് എപിക് എന്ന് എല്ലാവര്‍ക്കും അറിയാം. പിന്നെന്താണ് പ്രശ്നം ? മാധ്യമങ്ങള്‍ എപിക് ബ്രൗസറിനെയും അത് പുറത്തിറക്കിയ കമ്പനിയെയും വല്ലാതെ ബൂസ്റ്റ് ചെയ്യുന്നത് സഹിക്കുന്നില്ല. ഐടി ഫീല്‍ഡിലുള്ളവരെല്ലാവരും ഇങ്ങനെയാണോ അതോ ചിലര്‍ക്കു മാത്രമേയുള്ളോ ഈ പ്രശ്നം ?

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും മോസില കസ്റ്റമൈസ് ചെയ്ത് ബ്രൗസര്‍ ഉണ്ടാക്കാമായിരുന്നു എന്ന് പ്രതിഷേധക്കാര്‍ തന്നെ പറയുന്നുണ്ട്. എങ്കില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് അത് ചെയ്തുകൂടായിരുന്നോ ? (ഞങ്ങളാ ടൈപ്പല്ല!)മോസില ഓപ്പണ്‍ സോഴ്സ് ആണെന്നു കരുതി ഓപ്പണ്‍ സോഴ്സിനെ സപ്പോര്‍ട്ട് ചെയ്യുന്ന പ്രതിക്രിയാവാദികളുടെ കുത്തകയാകുന്നില്ല എന്നാണ് ഞാന്‍ കരുതുന്നത്. അത് ആദ്യം ചെയ്തവന് മാധ്യമപിന്തുണ കിട്ടുന്നെങ്കില്‍ മാധ്യമപിന്തുണ കിട്ടുന്ന തരത്തില്‍ അത് ചെയ്തവന്‍റെ മാര്‍ക്കറ്റിങ് ബുദ്ധി കണ്ടുപഠിച്ച് മേലിലെങ്കിലും ഇത്തരം വിദ്യകളെന്തെങ്കിലും ചെയ്യാനല്ലേ നോക്കേണ്ടത് ? അതിനു താല്‍പര്യമില്ലെങ്കില്‍ മിണ്ടാതിരിക്കുകയല്ലാതെ അവര്‍ക്കു കിട്ടിപ്പോയ പ്രശസ്തി അനര്‍ഹമായിരുന്നു എന്നു വിളിച്ചുകൂവി സ്വന്തം സര്‍ഗശേഷി ചീത്തയാക്കണോ ? എന്‍റെ ഒരു സംശയം മാത്രമാണ്, ഞാനീ ഐടിയും പോളി ടെക്നിക്കുമൊന്നും പഠിച്ചിട്ടില്ലല്ലോ !

അടുത്ത കുതിരകയറ്റം റുപീ ഫോണ്ട് ഉണ്ടാക്കിയ കാസര്‍കോഡ് പയ്യന്‍മാരുടെ നേര്‍ക്കാണ്. ഈ പയ്യന്‍മാര്‍ എന്‍റെ അളിയന്‍മാരൊന്നുമല്ല. അവര്‍ ചെയ്തത് ലോകത്ത് മറ്റാര്‍ക്കും സാധിക്കാത്ത കാര്യവുമല്ല. എന്നാല്‍ ലോകത്ത് മറ്റാര്‍ക്കും ചെയ്യാമായിരുന്ന കാര്യം ആദ്യം ചെയ്ത് മാധ്യമങ്ങളില്‍ അവതരിപ്പിക്കാന്‍ കാണിച്ച കാലോചിതമായ ഒരു വിവേകം ഫൊറേഡിയന്‍ പയ്യന്‍സിനുണ്ട്. അവര്‍ കയ്യടി നേടിയിട്ടുണ്ടെങ്കില്‍ അത് ആ മിടുക്കു കൊണ്ട് മാത്രമാണ്. ആനേം അണ്ണാനേം തിരിച്ചറിയാന്‍ മേലാത്ത മന്ദബുദ്ധികളാണ് ഇന്ത്യന്‍ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നത് എന്ന ആരോപണം പ്രോഗ്രാം കോഡെഴുതുന്നതും വാര്‍ത്ത എഴുതുന്നതും ഒരേപോലെയാണ് എന്നു വിശ്വസിക്കുന്ന മന്ദബുദ്ധികള്‍ക്കേ ചേരൂ.

കാസര്‍കോഡ് പയ്യന്‍മാര്‍ ചെയ്ത് ശരിയായില്ല എന്നാണ് ഒരു ഐടി പടുവിന്‍റെ ലേഖനത്തില്‍ പറയുന്നത്. യൂണികോഡില്‍ വേണമായിരുന്നു അത്രേ ഇത് ആദ്യം ഉണ്ടാക്കാന്‍. എന്നിട്ട് കീബോര്‍ഡില്‍ വരണം. അല്ലാതെ ടില്‍ഡ കീയില്‍ ഉഡായ്പ് കാണിച്ച് ഉണ്ടാക്കുന്നത് ആണുങ്ങള്‍ക്കു ചേര്‍ന്നതല്ല എന്ന മട്ടിലാണ് ലേഖനം പോകുന്നത്. കാസര്‍കോഡ് പയ്യന്‍മാരെ ദേശീയമാധ്യമങ്ങള്‍ വല്ലാതെ ശ്രദ്ധിക്കുകയും ഒടുക്കത്തെ പബ്ലിസിറ്റി കൊടുക്കുകയും ചെയ്തിന് ടൈംസ് ഓഫ് ഇന്ത്യ പോലെയുള്ള ഐടിയിലെ ആനയേയും അണ്ണാനേയും തിരിച്ചറിയാന്‍ മേലാത്ത പത്രങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയാണ്.

വണ്ടി കിട്ടാതെ വഴിയില്‍ നില്‍ക്കുമ്പോള്‍ അതുവഴി വരുന്ന സൈക്കിളിനു പോലും സാധാരണ ആളുകള്‍ ഒരു ലിഫ്റ്റിനായി കൈനീട്ടും. അടുത്ത ബസ് സ്റ്റോപ്പ് വരെ ആ സൈക്കിളില്‍ പോകുന്നതാണ് പ്രായോഗികബുദ്ധി. എന്നാല്‍ ചിലരുണ്ട്, ബെന്‍സ് കാറിനു മാത്രമേ ലിഫ്റ്റിനായി കൈനീട്ടു. ബെന്‍സ് വരും വരെ അവിടെ തന്നെ നില്‍ക്കും. ആരെങ്കിലും സൈക്കിളില്‍ കയറിപ്പോയാല്‍ അവനെ ചീത്ത വിളിക്കുകയും ചെയ്യും. ഇത്തരം വിമര്‍ശനങ്ങളുന്നയിക്കുന്നവരും അത്തരത്തില്‍ സഹതാപാര്‍ഹമായ ഒരു മാനസികാവസ്ഥയിലാണ്. ടില്‍ഡ കീയിലെ റുപീ ചിഹ്നം കംപ്യൂട്ടിങ്ങിലെ അന്തിമപരിഹാരമാണെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല. ഈ പറയുന്ന സാറന്മാരൊക്കെ കൂടി ഇത് യൂണികോഡിലുണ്ടാക്കി ഔദ്യോഗികമായി കീബോര്‍ഡില്‍ വരുന്ന സുദിനം വരെ ഇവിടെ ആരും കംപ്യൂട്ടറില്‍ റുപീ ടൈപ്പ് ചെയ്യാന്‍ പാടില്ലെന്നു പറയുന്നത് എവിടുത്തെ ന്യായമാണ്. അങ്ങനെ താല്‍ക്കാലികപരിഹാരമായി ചിഹ്നത്തിന് അംഗീകാരം കിട്ടി 24 മണിക്കൂറിനുള്ളില്‍ നാലു പയ്യന്‍മാര്‍ ഒരു മാര്‍ഗം കണ്ടെത്തിയാല്‍ ഇത്ര അസ്വസ്ഥമാകാനെന്തിരിക്കുന്നു ?

എപിക് ബ്രൗസറും റുപീ ഫോണ്ടും ഐടി വിദഗ്ധര്‍ക്കുപയോഗിക്കാനുള്ളതാണെന്നോ അല്ലെങ്കില്‍ ഇതൊക്കെ നോക്കുന്നതും ഉപയോഗിക്കുന്നതും തങ്ങള്‍ മാത്രമാണെന്നോ ഒരു മിഥ്യാധാരണ ഈ ടൈപ്പ് ബുദ്ധിജീവികള്‍ക്കുണ്ട്. മലയാള പത്രങ്ങളില്‍ വന്ന വാര്‍ത്ത വായിച്ച് നാട്ടിലെ അക്ഷയ കേന്ദ്രങ്ങളിലിരുന്ന് സാധാരണക്കാരായ ആളുകള്‍ റുപീ ഫോണ്ട് ഡൗണ്‍ ലോഡ് ചെയ്ത് ടില്‍ഡ കീ എന്താണെന്ന് പഠിച്ച് സംഗതി ടൈപ്പ് ചെയ്ത്- ആഹാ ഇതു കൊള്ളാമല്ലോ എന്നു പറയുന്നതും,ഇതെല്ലാം തട്ടിപ്പാണെന്നു നിങ്ങള്‍ പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. തട്ടിപ്പിനെതിരെ പോരാടുകയല്ല ഇത്തരക്കാരുടെ ഉദ്ദേശമെന്ന് വ്യക്തമാണ്.

മലയാളം കംപ്യൂട്ടിങ്ങില്‍ തങ്ങള്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഈ മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണത്രേ. അപ്പോള്‍ അതാണ് കാരണം. തങ്ങള്‍ നടത്തുന്ന നിസ്വാര്‍ഥ സേവനം ശ്രദ്ധിക്കപ്പെടാതെ പോകുമ്പോള്‍ പൊടിക്കൈകള്‍ കാട്ടുന്നവര്‍ പെട്ടെന്നു ശ്രദ്ധനേടുന്നത് സഹിക്കുന്നില്ല. ഇത് ഒരുതരം നാലാംകിട ബുദ്ധിജീവി ജാഡയാണ്. മലയാളം കംപ്യൂട്ടിങ്ങില്‍ നിശബ്ദപ്രവര്‍ത്തനം നടത്തുന്ന വിദഗ്ധര്‍ വേണ്ടപോലെ അംഗീകരിക്കപ്പെട്ടിട്ടില്ല എന്നത് സത്യമാണ്. എന്നാല്‍ മാധ്യമങ്ങള്‍ അവരെ അവഗണിച്ചു എന്നതിനോടു യോജിക്കാനാവില്ല. ഞങ്ങള്‍ മലയാളം കംപ്യൂട്ടിങ്ങില്‍ മുഴുകിയിരിക്കുന്ന ഐടി ബുദ്ധിജീവികളാണ്, ഞങ്ങള്‍ക്കു പബ്ലിസിറ്റി ആവശ്യമില്ലെന്നു ഭാവിക്കുകയും മറ്റുള്ളവര്‍ മാധ്യമശ്രദ്ധ നേടുമ്പോള്‍ പ്രകോപിതരാവുകയും ചെയ്യുന്നതെന്തു കൊണ്ട് ? മാധ്യമപ്രവര്‍ത്തകര്‍ നിങ്ങളുടെ പരീക്ഷണശാലകളില്‍ വന്ന് അഭിമുഖത്തിനായി നിര്‍ബന്ധിക്കണം എന്നൊക്കെ പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല.

മുട്ടയിട്ട ശേഷം കൊക്കിവിളിച്ച് നാലാളെയറിയിക്കുന്ന മാര്‍ക്കറ്റിങ് നാടന്‍ കോഴിക്കു പോലുമറിയാം. അത് തന്ത്രപൂര്‍വം ഉപയോഗിക്കുന്നവരെ തട്ടിപ്പുകാരെന്നു വിശേഷിപ്പിക്കുന്നത് ബുദ്ധിജീവികള്‍ക്കു ഭൂഷണമല്ല. മഹത്തായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിമര്‍ശകര്‍ക്കും ഒരോ പത്രസമ്മേളനം വിളിച്ച് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാവുന്നതാണ്. ഐടിയിലെ അണ്ണാനെയും ആനയെയും ലോകം തിരിച്ചറിയട്ടെ.

No comments:

Post a Comment